ആന കേന്ദ്രകഥാപാത്രമായി വരുന്ന ധാരാളം സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ലോകസിനിമാച്ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവണം ആനപ്പിണ്ടം കേന്ദ്രകഥാപാത്രമായി ഒരു സിനിമ ഇറങ്ങുന്നത്. ആനപ്പിണ്ടത്തില്‍ ചന്ദനത്തിരി ഉണ്ടാക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ കഥ പറയുന്ന രഞ്ജിത്ത് ശങ്കറിന്റെ "പുണ്യാളന്‍ അഗര്‍ബത്തീസ് " എന്ന ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകം പക്ഷെ ഇതായിരുന്നില്ല. ഈ സിനിമയുടെ പശ്ചാത്തലം തൃശൂര്‍ ആണെന്നത് തന്നെയായിരുന്നു ഒരു തൃശ്ശൂര്‍ക്കാരനായ എനിക്ക് ഈ സിനിമയില്‍ താത്പര്യം തോന്നാന്‍ കാരണം.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് ഗംഭീര പ്രതികരണം കിട്ടിയ ചിത്രമായതിനാല്‍ ഒരു പാട് പ്രതീക്ഷകളുമായാണ് ചിത്രം കാണാന്‍ പോയത്. പക്ഷെ ആ പ്രതീക്ഷകളോട് ചിത്രം എത്രത്തോളം നീതി പുലര്‍ത്തി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ആദ്യം നല്ലത് പറയാം, സമീപകാല ന്യൂ ജെനെറെഷന്‍ അശ്ലീല ,ദ്വയാര്‍ത്ഥ ,കക്കൂസ് ഫലിതങ്ങളില്‍ നിന്ന് വ്യതസ്തമായി സ്വാഭാവിക നര്‍മ്മത്തിലൂടെ ഒരു കഥ പറയാന്‍ ശ്രമിച്ച രഞ്ജിത്ത് ശങ്കറിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. തന്റെ ചിത്രങ്ങളില്‍ സമകാലിക സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധബുദ്ധിയുള്ള ഒരു സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍ . അതിനായി ആക്ഷേപഹാസ്യത്തിന്റെ വഴിയാണ് അദ്ദേഹം ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. നല്ലത് തന്നെ, പക്ഷെ എന്താണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത് എന്നത് പരിശോധിക്കപ്പെടെണ്ടതാണ്.
ഒരേ സമയം ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, മുതലാളിത്ത വികസന സങ്കല്പങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകമായ നിലപാടാണ് "അര്‍ജുനന്‍ സാക്ഷി " എന്ന ചിത്രത്തില്‍ രഞ്ജിത്ത് ശങ്കര്‍ സ്വീകരിച്ചത് . 'പുണ്യാളനി'ല്‍ എത്തുമ്പോഴും അത് ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ടോള്‍ വിരുദ്ധ സമരത്തെയും ബി.ടി. വഴുതന വിരുദ്ധ സമരത്തെയും അനുകൂലിക്കുന്ന ചിത്രം പക്ഷെ ഫോക്കസ് ചെയ്യുന്നത് ഒരു 'പാവപ്പെട്ട 'മുതലാളിയുടെ വേദനകളിലേക്കാണ്.
ലോകമാര്‍ക്കറ്റ് ലക്‌ഷ്യം വച്ച് ഒരു വമ്പന്‍ മുതലാളിയാവാന്‍ കൊതിക്കുന്ന നായകന് അതിലുണ്ടാകുന്ന തടസ്സങ്ങള്‍ ചിത്രം പറയുന്നു. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും, അമ്പലങ്ങളും , ഹര്‍ത്താലുകളും എന്തിനു സ്വന്തം കുടുംബക്കാര്‍ പോലും തടസ്സം നില്‍ക്കുന്നു. ഹര്‍ത്താലില്‍ തകര്‍ന്ന ഫാക്ടറിയുടെ മുന്നിലിരിക്കുന്ന നായകനില്‍ കേന്ദ്രീകരിക്കുന്ന സിനിമ മുതലാളിക്ക് വേണ്ടി ഓടി തകര്‍ക്കപ്പെട്ട ഓട്ടോയുമായി നില്‍കുന്ന തൊഴിലാളിയെ കോമാളിയാക്കി ചിത്രീകരിക്കുന്നു. വികസനമുരടിപ്പിന് കാരണം ഹര്‍ത്താലുകലാണ് എന്ന പൊതു ബോധത്തെ പിന്‍പറ്റുന്ന സിനിമ സദാചാര പോലീസിനെ വരെ അനുകൂലിക്കുന്ന നിലയില്‍ പ്രതിലോമകരമായി മാറുകയാണ് ചെയ്യുന്നത്.ഒടുവില്‍ "മുതലാളിക്ക് നല്ല കാലം വന്നാല്‍ എല്ലാര്ക്കും ഉണ്ടാകും " എന്ന പ്രസ്താവനയോടെ മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണമായ 'Trickle down' സിദ്ധാന്തത്തെ സാധൂകരിക്കുന്നതോടെ ചിത്രം പൂര്‍ത്തിയാവുന്നു...
വാല്‍ക്കഷ്ണം : പടം കഴിഞ്ഞു രാത്രി , 'മൂരാച്ചി' 'പിന്തിര്‍പ്പന്‍', 'ബൂര്‍ഷ്വാ' തുടങ്ങിയ അറിയാവുന്ന കമ്മ്യൂണിസ്റ്റ് തെറികള്‍ വിളിച്ചു സിനിമയെ വിമര്‍ശിച്ചു കൊണ്ട് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. എന്റെ വിപ്ലവ വീര്യം കണ്ട് ആവേശം കൊണ്ടിട്ടാണോ എന്നറിയില്ല, ഞാന്‍ പൊയ്ക്കൊണ്ടിരുന്ന സ്കൂട്ടെര്‍ പെട്ടെന്ന് പണി മുടക്കി. 'ടയര്‍ പഞ്ചര്‍ !!'. പിന്നെ രണ്ടു മൂന്ന് കിലോമീറെര്‍ ദൂരം സ്കൂട്ടര്‍ തള്ളി വീട്ടിലെത്തിയപ്പോഴേക്കും "ഞാന്‍ ആന ചവിട്ടിക്കൂട്ട്യ ആനപ്പിണ്ടം പോല്യായിസ്റ്റോ".