തോട്ടിന്‍കരയിലെ
വിമാനത്താവളം
അങ്ങനെയിരിക്കേയാണ് ആ
വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ പടര്‍ന്നത്, തോട്ടിന്‍കരയില്‍ വിമാനത്താവളം വരാന്‍ പോകുന്നു.
അപ്പുണ്ണി അമ്മാവനും വളരെ
സന്തോഷത്തിലാണ് . തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് വിമാനത്തില്‍ കേറുക എന്നത് .
കണ്ണടയുന്നതിനു മുന്‍പ് അത് നടക്കും എന്ന് കരുതിയതല്ല. ഇതാ ഇപ്പൊ തന്റെ നാട്ടില്‍
വിമാനത്താവളം വരുന്നു.ആനന്ദലഭ്ദിക്കിനിയെന്തു വേണം?!.
പക്ഷെ,
ചില ആശങ്കകള്‍ അമ്മാവനെ വേട്ടയാടുന്നുണ്ട് . വേറൊന്നുമല്ല, എന്ത് വരുമ്പോഴും തടയാന്‍
കുറെ ആള്‍ക്കാര്‍ ഇറങ്ങുമല്ലോ, അവര്‍ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തന്നെ.
ആരെങ്കിലും എന്തെങ്കിലും പദ്ധതിയുമായി വന്നാ മതി അപ്പൊ ഇറങ്ങിക്കോളും കൊടിയും
പിടിച്ച്. പണ്ടിവര്‍ താടിയും മുടിയും നീട്ടി , കാവിയുടുത്ത്,
തോള്‍സഞ്ചിയും തൂക്കി നടപ്പായിരുന്നു. ഇപ്പൊ മനുഷ്യക്കോലത്തിലാണ്, ഭാഗ്യം. കുറെ നാട്ടുകാരും
ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. അതെന്തിനാണ് എന്നാണ് അപ്പുണ്ണി അമ്മാവന്
മനസ്സിലാവാത്തത്. നമ്മുടെ നാട്ടില്‍ വികസനം വരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണോ
വേണ്ടത്? വിമാനത്താവളത്തിന്റെ
ആവശ്യം അവര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണ്. ഉദാഹരണത്തിന്, പണ്ടൊരു സിനിമയില്‍ പറഞ്ഞ
പോലെ , നമ്മുടെ
വീട്ടില്‍ പെട്ടെന്ന് ഒരു വിരുന്നുകാരന്‍ വന്നാല്‍ , നാലു കിലോമീറ്റര്‍ അകലെ
ഉള്ള അങ്ങാടിയില്‍ പോണം എന്തേലും വാങ്ങാന്‍ ; പോയി വരുമ്പോഴേക്കും വന്നവര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാവും .
വിമാനത്തില്‍ ആണെങ്കില്‍ ഒരു മിനുട്ട്, അങ്ങോട്ട് ഒരു മിനിറ്റ് ഇങ്ങോട്ട് ; അങ്ങനെ മൊത്തം മൂന്നു
മിനുട്ടില്‍ പരിപാടി തീരും . ഇതൊന്നും അവരെ പറഞ്ഞു മനസ്സിലാക്കാന്‍
ആളില്ലാഞ്ഞിട്ടാണ്. ബോധവല്‍ക്കരണമില്ലായ്മ അല്ലെങ്കില്‍ ബോധമില്ലായ്മയാണല്ലോ
നമ്മുടെ നാടിന്റെ പുരോഗതിക്കു തടസ്സം നില്ക്കുന്നത്.
പിന്നെ
മറ്റേ ജീവികള്‍,
അവരുടെ സ്ഥിരം പരിപാടിയാണല്ലോ ,
മണ്ണ്, പുഴ
എന്നൊക്കെ പറഞ്ഞു ഓരോന്ന് മുടക്കുന്നത്. അവരോടു പറഞ്ഞിട്ടും കാര്യമില്ല . ഇപ്പൊ
മൊത്തം 'പച്ചക്കുട്ട'ന്മാരുടെ കാലമല്ലേ.
ചാനലിലും പത്രത്തിലും അവരല്ലേ താരങ്ങള്‍.. അപ്പോപ്പിന്നെ കൂണ് പോലെ ഇവരിങ്ങനെ
മുളച്ചു വരും. പണ്ട് മലപ്പുറത്ത് ഒരു 'പച്ചപ്രേമി' ഉണ്ടായിരുന്നു; തണ്ണിമത്തന്‍
തിന്നുമ്പോള്‍ പോലും ഉള്ളിലെ ചുവപ്പ് തിന്നാതെ പച്ച പുറന്തോട് മാത്രം തിന്നുന്ന
തികഞ്ഞ ഹരിതവാദി. അദ്ദേഹം അറബിക്കടലില്‍ മഴ പെയ്യുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച്ചോദിച്ച ഗഹനമായ ഒരു ചോദ്യത്തിനു മുന്‍പില്‍ മിണ്ടാട്ടം മുട്ടിപ്പോയതാണ്,പിന്നീടു ഇപ്പോഴാ
ഇവന്മാര് തല പോക്കുന്നത്. തരിശായ പടവും വറ്റിയ പുഴയും നികത്തി വികസനം വന്നാ
ഇവര്ക്കെന്താ ചേതം? പറഞ്ഞിട്ടു
കാര്യമില്ല. ങാ,ഒക്കെ
ശരിയാവുമായിരിക്കും. ഇവിടെ മെട്രോയും വല്ലാര്‍പ്പടവും ഒക്കെ വന്നില്ലേ.ഇതും വരുമായിരിക്കും.ആ ശുഭാപ്തിവിശ്വാസത്തിലാണ് അപ്പുണ്ണി അമ്മാവന്‍...
അപ്പുണ്ണി അമ്മാവന്‍ അങ്ങനെ വീട്ടുമുറ്റത്ത് നിന്നും പൊങ്ങാന്‍
പോകുന്ന വിമാനത്തെക്കുറിച്ചോര്‍ത്തു മാനത്തു നോക്കി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു
ചോദ്യം. “ഒരു മഴ പെയ്തെങ്കില്‍, അല്ലേ, അപ്പുണ്ണിയെട്ടാ,” വടക്കേതിലെ
കുഞ്ഞിരാമനാണ്. “പിന്നേ മഴ, ആനക്കാര്യത്തിന്റെ ഇടയിലാ അവന്റെ ചേനക്കാര്യം”
അപ്പുണ്ണി അമ്മാവന്‍ പിറുപിറുത്തു. അല്ലെങ്കിലും ഇത് പോലുള്ള കൂപമണ്ടൂകങ്ങളല്ലേ
നാട്ടിലുള്ളത്, ഈനാട് നന്നാവില്ല ഒരിക്കലും നന്നാവില്ല.
No comments:
Post a Comment